അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നല്‍ പ്രളയത്തിന്റ ഭീകര ദൃശ്യങ്ങളെന്ന വിവരണത്തോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കുത്തിയൊലിക്കുന്ന വെള്ളത്തില്‍ നിരവധി കാറുകള്‍ ഒഴുകിപ്പോകുന്നതിന്റെയും കെട്ടിടാവശിഷ്ടങ്ങളുടെയും ദൃശ്യങ്ങളടങ്ങുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ടെക്സസിലെ ബ്രിന്‍ഹാം പ്രവിശ്യയില്‍ 2025 ജൂലൈ 5 നുണ്ടായ മിന്നല്‍പ്രളയത്തിന്റെ പശ്ചാത്തലതത്തിലാണ് പ്രചാരണം.
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ടെക്സസിലെ മിന്നല്‍പ്രളയത്തിന്റേതല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന വീഡിയോയില്‍ വ്യത്യസ്ത ദൃശ്യങ്ങള്‍ കാണാം. വിശദമായ റിവേഴ്സ് ഇമേജ് പരിശോധനയില്‍ ഇതിലോരോന്നും വ്യത്യസ്ത സംഭവങ്ങളുടേതാണെന്ന് കണ്ടെത്തി. ആദ്യം പരിശോധിച്ചത് കാറുകള്‍ വെള്ളത്തില്‍ ഒലിച്ചുപോകുന്ന ദൃശ്യമാണ്. റിവേഴ്സ് ഇമേജ് പരിശോധനയില്‍ ഇത് 2023 ലെ ചെന്നൈ വെള്ളപ്പൊക്കത്തിന്റേതാണെന്ന് വ്യക്തമായി. CNBC TV18 2023 ഡിസംബര്‍ 24ന് പങ്കുവെച്ച യൂട്യൂബ് ഷോട്സില്‍ ഇതേ ദൃശ്യങ്ങള്‍ കാണാം.
രണ്ടാമതായി പരിശോധിച്ചത് സമാനമായ മറ്റൊരു ദൃശ്യമാണ്. ചുവന്ന നിറത്തില്‍ മണ്ണ് കലര്‍ന്ന വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന കാറുകളുടെ ഈ ദൃശ്യം 2024 ഒക്ടോബറില്‍ സ്പെയിനിലെ വലെന്‍സിയയിലുണ്ടായ വെള്ളപ്പൊക്കത്തിന്റേതാണെന്ന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. മാധ്യമറിപ്പോര്‍ട്ടുകളില്‍ ഇതേ ദൃശ്യം കാണാം. ഇതോടെ ഈ വീഡിയോയ്ക്കും ടെക്സസിലെ പ്രളയവുമായി ബന്ധമില്ലെന്ന് സ്ഥിരീകരിക്കാനായി.
മൂന്നാമത്തെ ഭാഗം ഒരു ട്രക്ക് കുത്തിയൊലിച്ചുവരുന്ന മലവെള്ളപ്പാച്ചിലില്‍ മുങ്ങുന്നതിന്റെയാണ്. ഈ ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ച് ചെയ്തതോടെ ഇന്ത്യയില്‍നിന്നുള്ളതാണെന്ന് കണ്ടെത്തി. 2024 ജൂലൈ 31ന് ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍പ്രളയത്തിന്റേതാണ് ദൃശ്യമെന്ന് മാധ്യമറിപ്പോര്‍ട്ടുകളില്‍നിന്ന് സ്ഥിരീകരിച്ചു.
മറ്റൊരു ദൃശ്യം തകര്‍ന്ന കെട്ടിടത്തിന്റെ നിരവധി അവശിഷ്ടങ്ങള്‍ ഒലിച്ചുവരുന്നതാണ്. ഇത് 2011 ല്‍ ജപ്പാനിലുണ്ടായ സുനാമിയുടേതെന്ന വിവരണത്തോടെ ഒരു യൂട്യൂബ് ചാനലില്‍ പങ്കുവെച്ചതായി കണ്ടെത്തി. 2011 മെയ് 21 നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതോടെ ഈ വീഡിയോയും കഴിഞ്ഞദിവസം ടെക്സസിലുണ്ടായ മിന്നല്‍പ്രളയത്തിന്റേതല്ലെന്ന് വ്യക്തമായി.
വീഡിയോയിലെ മറ്റ് ഭാഗങ്ങളില്‍ കാണുന്ന ചില ദൃശ്യങ്ങള്‍ ഗംഗാ നദിയില്‍ വേലിയേറ്റമുണ്ടായ സമയത്തേതെന്ന തരത്തിലും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതായി കണ്ടെത്തി. ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നല്‍പ്രളയവുമായി ബന്ധമില്ലെന്ന് വ്യക്തമായി.