രാജ്യത്തെയാകെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ അപകടത്തിന് മുന്‍പത്തെ വിമാനത്തിന്റെ ദൃശ്യങ്ങളെന്ന അവകാശവാദത്തോടെ നിരവധി വീഡിയോകളാണ് പ്രചരിക്കുന്നത്. വിമാനത്തിന്റെ അകത്തെ ദൃശ്യങ്ങളെന്ന അവകാശവാദത്തോടെ മാത്രമല്ല, ടേക്ക്ഓഫ് ദൃശ്യങ്ങളെന്ന അവകാശവാദത്തോടെയും ഒരു വീഡിയോ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. അപകടത്തില്‍ പെട്ട എയര്‍ഇന്ത്യ വിമാനം റണ്‍വേയില്‍ ടേക്ക് ഓഫ് ചെയ്യുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ദൃശ്യങ്ങളിലേത് അപകടത്തില്‍പെട്ട വിമാനമല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചതോടെ വിമാനത്തിന്റെ മോഡല്‍ ബോയിങ് 777-300 ER ആണെന്നും കോഡ് VT-ALM ആണെന്നും ദൃശ്യങ്ങളില്‍തന്നെ വ്യക്തമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് അപകടവുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ ഔദ്യോഗികമായി പങ്കുവെച്ച എക്സ് പോസ്റ്റ് പരിശോധിച്ചു. ഇതില്‍ നല്‍കിയിരിക്കുന്ന വിമാനത്തിന്റെ മോഡലും കോഡും വ്യത്യസ്തമാണെന്ന് കണ്ടെത്തി.
അഹമ്മദാബാദില്‍ അപകടത്തില്‍പെട്ടത് ബോയിങ് 787-8 വിമാനമാണെന്ന് എയര്‍ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നുണ്ട്. AI-171 നമ്പറില്‍ അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് 2025 ജൂണ്‍ 12 ന് ഉച്ചയ്ക്ക് 1.38ന് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍ പെട്ടത്. ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ മറ്റൊരു എയര്‍ഇന്ത്യ വിമാനത്തിന്റേതാണെന്ന് വ്യക്തമായി.
തുടര്‍ന്ന് പ്രചരിക്കുന്ന വീഡിയോയിലെ വാട്ടര്‍മാര്‍ക്ക് പരിശോധിച്ചു. Plane Beaveryyz എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പരിശോധിച്ചതോടെ ഈ വീഡിയോ 2025 മെയ് 31ന് പങ്കുവെച്ചതായി കണ്ടെത്തി.
ടൊറൊന്‍ഡോ പിയേഴ്സണ്‍ വിമാനത്താവളത്തില്‍നിന്ന് ന്യൂഡല്‍ഹിയിലേക്ക് പുറപ്പെട്ട AI190 വിമാനത്തിന്റെ ദൃശ്യങ്ങളാണെന്ന വിവരണത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിവിധ വിമാനങ്ങളുടേ ടേക്ക് ഓഫും ലാന്‍ഡിങുമെല്ലാം ക്യാമറയില്‍ ചിത്രീകരിച്ച് പങ്കുവെയ്ക്കുന്ന പേജ് എന്ന നിലയിലാണ് ഈ ഇന്‍സ്റ്റഗ്രാം പേജിനെ പരിചയപ്പെടുത്തിയിരിക്കുന്നത്. പേജില്‍ മറ്റ് നിരവധി വിമാനങ്ങളുടെ വീഡിയോ കാണാം.
ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ അപകടത്തില്‍പെട്ട വിമാനത്തിന്റേതല്ലെന്നും ടൊറൊന്‍ഡോയില്‍നിന്ന് ന്യൂഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തിയ മറ്റൊരു വിമാനത്തിന്റേതാണെന്നും വീഡിയോ ഇന്ത്യയില്‍ ചിത്രീകരിച്ചതല്ലെന്നും സ്ഥിരീകരിച്ചു.