Malayalam

Fact Check: വഖഫ് നിയമത്തിനെതിരെ പശ്ചിമബംഗാളില്‍ മുസ്‍ലിംകള്‍ നടത്തിയ അതിക്രമം? വീഡിയോയുടെ വാസ്തവം

വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട് പശ്ചിമബംഗാളില്‍ മുസ്‍ലിംകള്‍ നടത്തിയ അതിക്രമങ്ങളുടെ ദൃശ്യങ്ങളെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോയില്‍ മുസ്‍ലിം വേഷം ധരിച്ച ഒരുകൂട്ടം പേര്‍ ഒരു കെട്ടിടം തകര്‍ക്കുന്ന ദൃശ്യങ്ങള്‍ കാണാം.

HABEEB RAHMAN YP

വഖഫ് നിയമഭേദഗതി പ്രാബല്യത്തില്‍ വന്ന പശ്ചാത്തലത്തില്‍ ഇതിനെതിരെ മുസ്‍ലിം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തരം പ്രതിഷേധപ്രകടനങ്ങള്‍ ഇതരമതസ്ഥരെയോ സ്ഥാപനങ്ങളെയോ അക്രമിക്കുന്നതിലേക്ക് നീങ്ങിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് പശ്ചിമബംഗാളില്‍ ഒരുകൂട്ടം മുസ്‍ലിം യുവാക്കള്‍ വഖഫിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി അക്രമത്തിലേക്ക് നീങ്ങിയെന്ന വിവരണത്തോടെ വീഡിയോ പ്രചരിക്കുന്നത്

Fact-check: 

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പ്രചരിക്കുന്ന ദൃശ്യങ്ങള്‍ പഴയതാണെന്നും ഇത് മുസ്‍ലിംകള്‍ ഇതരമതസ്ഥരെ ആക്രമിക്കുന്ന ദൃശ്യങ്ങളല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

‌പ്രചരിക്കുന്ന വീഡിയോയിലെ ചില കീഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ച് ചെയ്തതോടെ സമൂഹമാധ്യമങ്ങളില്‍ ഇത് മാസങ്ങള്‍ക്ക് മുന്‍പ് പങ്കുവെച്ചതായി കണ്ടെത്തി. 2024 നവംബറില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയ്ക്കൊപ്പം നല്‍കിയിരിക്കുന്ന വിവരണം പശ്ചിമബംഗാളിലെ ഒരു മുസ്‍ലിം ദര്‍ഗ ആക്രമിച്ച് തകര്‍ക്കുന്നുവെന്നാണ്.

ഈ സൂചന ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ സംഭവവുമായി ബന്ധപ്പെട്ട ചില മാധ്യമറിപ്പോര്‍ട്ടുകള്‍ കണ്ടെത്തി. ജമുന ടിവി യൂട്യൂബില്‍ പങ്കുവെച്ച സമാന ദൃശ്യങ്ങളടങ്ങുന്ന ദൈര്‍ഘ്യമേറിയ വീഡിയോ റിപ്പോര്‍ട്ടില്‍ പറയുന്നത് പശ്ചിമബംഗാളിലെ  ഷേർപൂർ സദറില്‍ ദോജ പീര്‍ ദർബാറിൽ ആക്രമണമുണ്ടായെന്നാണ്.

ദര്‍ഗയില്‍ അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നാരോപിച്ച്  മുർഷിദ്പൂർ ഗ്രാമവാസികളും പ്രാദേശിക ക്വാമി മദ്രസയിലെ അധ്യാപകരും വിദ്യാർത്ഥികളുമാണ് കെട്ടിടം ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.  ഇതോടെ രണ്ട് മുസ്‍ലിം വിഭാഗങ്ങള്‍ തമ്മിലായിരുന്നു സംഘര്‍ഷമെന്ന് വ്യക്തമായി. 

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മറ്റു ചില പ്രാദേശിക ചാനലുകളിലും സമാന ദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. 

കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ വിശദമായ പരിശോധനയില്‍ ചിലഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ സംഭവവുമായി ബന്ധപ്പെട്ട് വിശദമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതായും കണ്ടെത്തി. ധാക്ക ട്രിബ്യൂണ്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ സംഭവത്തില്‍ പരിക്കേറ്റവരുടെ പേരുവിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിലെല്ലാം മുസ്‍ലിം പേരുകള്‍ മാത്രമാണ് കാണാനാവുന്നതെന്നതും സംഘര്‍ഷത്തില്‍ ഇതരമതസ്ഥര്‍ ഉള്‍പ്പെട്ടില്ലെന്ന് വ്യക്തമാക്കുന്നു. 

ഇതോടെ വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട് പശ്ചിമബംഗാളില്‍ അമുസ്‍ലിംകള്‍ക്കെതിരെ മുസ്‍ലിം യുവാക്കള്‍ നടത്തിയ അതിക്രമമെന്ന തരത്തില്‍ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. പ്രചരിക്കുന്ന വീഡിയോ 2024 നവംബറിലേതാണെന്നും രണ്ട് മുസ‍്‍ലിം വിഭാഗങ്ങള്‍ തമ്മിലെ സംഘര്‍ഷമാണിതെന്നും അന്വേഷണത്തില്‍ വ്യക്തമായി. 

Fact Check: Pro-Palestine march in Kerala? No, video shows protest against toll booth

Fact Check: ഓണം ബംപറടിച്ച സ്ത്രീയുടെ ചിത്രം? സത്യമറിയാം

Fact Check: கரூர் கூட்ட நெரிசலில் பாதிக்கப்பட்டவர்களை பனையூருக்கு அழைத்தாரா விஜய்?

Fact Check: Christian church vandalised in India? No, video is from Pakistan

Fact Check: ಕಾಂತಾರ ಚಾಪ್ಟರ್ 1 ಸಿನಿಮಾ ನೋಡಿ ರಶ್ಮಿಕಾ ರಿಯಾಕ್ಷನ್ ಎಂದು 2022ರ ವೀಡಿಯೊ ವೈರಲ್